ചിറക് വിരിയ്ക്കാന്‍ കുടുംബശ്രീ

ചിറക് വിരിയ്ക്കാന്‍ കുടുംബശ്രീ

പത്തനംതിട്ട :ജില്ല ശിശുസൗഹൃദമാകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ചിറകിന്റെ ഉദ്ഘാടനം  ഇരവിപേരൂര്‍ വൈ.എം.സി.എയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ശശിധരന്‍പിള്ള നിര്‍വഹിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് വിവിധ മേഖലകളിലായി പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിനായി യൂനിസെഫിന്റെ ഫണ്ടും ലഭ്യമാകും.
കുടുംബശ്രീ, ആരോഗ്യ- അങ്കണവാടി പ്രവര്‍ത്തകര്‍, എസ്.സി - എസ്.റ്റി പ്രമോട്ടര്‍മാര്‍, സ്‌കൂള്‍തല രക്ഷകര്‍തൃസമിതികള്‍, പ്രഥമാധ്യപകര്‍ മുതലായവര്‍ക്കായുള്ള പരിശീലനമാണ് ആദ്യഘട്ടം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള നിയമങ്ങള്‍, സംവിധാനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവതരണത്തിലുള്ളത്.

കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കുടുംബശ്രീ കുടുംബങ്ങളും ശിശുസൗഹൃദമാകുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള പരിശീലനത്തില്‍ ജില്ലാതലത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് തല സിഡിഎസ് പൊതുസഭയ്ക്കുള്ള പരിശീലനത്തിന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. 53 പഞ്ചായത്തിലും നാല് നഗരസഭകളിലും വാര്‍ഡുതലം വരെ പരിശീലനം എത്തിച്ച് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളേയും ശിശുസൗഹൃദബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന ക്യാമ്പയിന്‍ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജിനി കെ.രാജന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്, ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ജി. സുരേഷ്ബാബു, ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു അബ്ദുള്‍ബാരി, ജില്ലാ ശിശുവികസന ഓഫീസര്‍ ടി. ആര്‍ ലതാകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില എന്നിവര്‍ മുഖ്യപ്രഭാഷണവും സി.ഡബ്യൂ.സി ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവ് വിഷയാവതരണവും നടത്തി. സി.ഡബ്യൂ.സി മെമ്പര്‍ ഷാന്‍ രമേശ് ഗോപന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സി.ഡബ്യൂ.സി അംഗങ്ങളായ അഡ്വ. സുനില്‍ പേരൂര്‍, അഡ്വ. എസ്. കാര്‍ത്തിക, അഡ്വ. പ്രസീദാ നായര്‍,  പ്രൊട്ടക്ഷന്‍ ആഫീസര്‍ നിഷാ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.