അമിത സമ്മർദമുള്ള ജോലി ഹൃദ്രോ​ഗത്തിന് കാരണമാകാം, പ്രത്യേകിച്ച് പുരുഷന്മാരിൽ-പഠനം

അമിത സമ്മർദമുള്ള ജോലി ഹൃദ്രോ​ഗത്തിന് കാരണമാകാം, പ്രത്യേകിച്ച് പുരുഷന്മാരിൽ-പഠനം

സമ്മർദം കൂടുന്നതും ആരോ​ഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് നിരവധി പഠനങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും ​ഗൗരവകരമായി കാണേണ്ട ഒന്നിനെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമ്മർദവും ഹൃദ്രോ​ഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളതാണ് ഈ പഠനം. സമ്മർദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരിൽ പിൽക്കാലത്ത് ഹൃദ്രോ​ഗസംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണെന്ന് പഠനം പറയുന്നു.കാനഡയിലെ CHU ക്യുബെക് യൂണിവേഴ്സിറ്റി ലാവൽ റിസർച്ച് സെന്ററിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സർക്കുലേഷൻ:കാർഡിയോവാസ്കുലാർ ക്വാളിറ്റി ആൻ‍ഡ് ഔട്ട്കംസ് എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനെട്ടു വർഷത്തോളം നീണ്ടുനിന്ന പഠനത്തിൽ 6,400 പേരിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ജോലിസംബന്ധമായ സമ്മർദം എങ്ങനെ ഹൃദ്രോ​ഗത്തിലേക്കു നയിക്കുന്നു എന്നാണ് പഠനം വിശകലനം ചെയ്തത്. ജോലിസ്ഥലത്തെ അമിതസമ്മർദം ഹൃദയാഘാതം ഉൾപ്പെടെയുള്ള സങ്കീർണാവസ്ഥകളിലേക്ക് നയിക്കുമെന്നും പ്രത്യേകിച്ച് പുരുഷന്മാരിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.രണ്ടുരീതിയിലുള്ള സമ്മർദത്തേക്കുറിച്ചാണ് പഠനത്തിൽ‌ പരിശോധിച്ചത്. ആദ്യത്തേത് ജോലിയുടെ സ്വഭാവത്തേക്കുറിച്ചാണ്. ജീവനക്കാരന് കൂടുതൽ ജോലിയും എന്നാൽ സ്വന്തം ജോലിയിൽ നിയന്ത്രണം കുറവുള്ളതുമായ വിഭാ​ഗമാണ് ആദ്യം പരിശോധിച്ചത്. ആക്റ്റീവ് ജോലിക്കാരിൽ കൂടുതൽ ജോലിക്കൊപ്പം തന്നെ അതിന്മേലുള്ള നിയന്ത്രണവും ഉണ്ടായിരിക്കും. പാസീവ് ജോലിക്കാരിൽ ജോലിയും നിയന്ത്രണവും കുറവായിരിക്കും. ജോലി കുറവും അതിന്മേലുള്ള നിയന്ത്രണം കൂടുതലുമുള്ള വിഭാ​ഗമാണ് മറ്റൊന്ന്.അടുത്തതായി പരിശോധിച്ചത് ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള പ്രതിഫലം സംബന്ധിച്ചാണ്. ഒരുവ്യക്തിയുടെ ജോലി ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള ശമ്പളവും പ്രൊമോഷനും ജോലിയുടെ സ്ഥിരതയും ഉൾപ്പെടെയാണ് ഇവിടെ പരിശോധിച്ചത്. ജോലിയുടെ സമ്മർദം മാത്രമല്ല പരിശോധിച്ചതെങ്കിലും മറ്റു സമ്മർദങ്ങൾക്കൊപ്പം ഇതുകൂടി കൂടിച്ചേരുമ്പോഴുള്ള ആഘാതമാണ് പരിശോധിച്ചതെന്നും ​ഗവേഷകർ പറയുന്നു.

തുടർന്നാണ് തൊഴിലിടത്തിൽ സമ്മർദം കുറവും അനുകൂല അന്തരീക്ഷവും ഉള്ളവരിൽ ഹൃദ്രോ​ഗസാധ്യത കുറവാണെന്ന് സംഘം കണ്ടെത്തിയത്. ജോലിക്കിടയിൽ പലവിധത്തിലുള്ള സമ്മർദം അനുഭവിക്കുന്നവരിലാകട്ടെ ഹൃദ്രോ​ഗസാധ്യത 103ശതമാനമായി കാണപ്പെട്ടുവെന്നും ​ഗവേഷകർ പറയുന്നു. തൊഴിലിടത്തിൽ മതിയായ സ്ഥാനംലഭിക്കാത്തതും പ്രതിഫലം ലഭിക്കാത്തതുമൊക്കെ സമ്മർദത്തിന്റെ തോതുകൂട്ടുകയും അതു പിന്നീട് ഹൃദ്രോ​ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ​ഗവേഷകർ പറഞ്ഞുവെക്കുന്നത്.

സമ്മർദം കൂടുകവഴി ഹോർമോൺ നിലകളിൽ മാറ്റം വരികയും രക്തസമ്മർദത്തിന്റെയും ഹൃദയമിടിപ്പിന്റെയും തോതുകൂടുകയുമൊക്കെ ചെയ്യും. ഇത് ശരീരത്തിൽ ഹ്രസ്വ-ദീർഘകാലത്തേക്ക് മാറ്റങ്ങൾ ഉണ്ടാക്കാമെന്നും ​ഗവേഷകർ പറയുന്നു.

 • സമ്മർദത്തിന് ഇടയാക്കിയ സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തുക.
 • പ്രശ്‌നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുക.
 • ദിനചര്യ ആസൂത്രണം ചെയ്യുക. ടൈം മാനേജ്‌മെന്റ് പരിശീലിക്കുക, നീട്ടിവയ്ക്കലുകള്‍ ഒഴിവാക്കുക.
 • വിവിധയിനം റിലാക്‌സേഷന്‍ രീതികള്‍ അഭ്യസിക്കുക .
 • വ്യായാമവും ആരോഗ്യഭക്ഷണവും ശീലമാക്കുക.
 • അവരവര്‍ക്ക് വേണ്ടി അല്പം സമയം ചെലവഴിക്കുക.
 • സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നതും അവയെക്കുറിച്ച് എഴുതിവയ്ക്കുന്നതും സമ്മര്‍ദം കുറയ്ക്കും.
 • സ്വന്തം ശരീരത്തെ പരിപാലിക്കുക.
 • ആറു മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക.
 • പറയേണ്ട കാര്യങ്ങള്‍ സമാധാനപരമായി അവതരിപ്പിക്കുവാന്‍ ശീലിക്കുക.
 • ദേഷ്യപ്പെടല്‍ കഴിയുന്നത്ര ഒഴിവാക്കുക, കോപനിയന്ത്രണം പരിശീലിക്കുക.
 • ഒഴിവുസമയങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുകയും ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ പങ്കെടുക്കുകയും ഹോബികള്‍ കണ്ടെത്തുകയും ചെയ്യുക.
 • ഓമനമൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്തുകയും ദിനവും അല്പസമയം അവയ്‌ക്കൊപ്പം ചെലവഴിക്കുകയും ചെയ്യുക.
 • പ്രിയപ്പെട്ടവരോടൊപ്പം ഗുണനിലവാരമുള്ള സമയം പങ്കുവയ്ക്കുക.
 • കൂട്ടുകാരോടും സഹോദരങ്ങളോടും അച്ഛനമ്മമാരോടും കുട്ടികളോടും സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും സമ്മര്‍ദത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാനും സമ്മര്‍ദം ചെറുക്കാന്‍ മെച്ചപ്പെട്ട വഴികള്‍ കൈക്കൊള്ളാനും സഹായിക്കും.
 • ചെറിയ വെല്ലുവിളികള്‍ ഏറ്റെടുത്തു ശീലിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കും.
 • ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക.