തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ വൻ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ വൻ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട്ടെ പടക്കപ്പുരയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

പടക്കപ്പുരയിൽ രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.സമീപത്തെ വീടുകളടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ചില്ലുകളും വാതിലുകളും ജനലുകളും തകർന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. തൃപ്പൂണിത്തുറ - വൈക്കം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.