എൻഡോസൾഫാൻ പുനരധിവാസഗ്രാമം ഒരുങ്ങുന്നു

എൻഡോസൾഫാൻ പുനരധിവാസഗ്രാമം ഒരുങ്ങുന്നു

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം പകരുന്ന പുനരധിവാസഗ്രാമ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ഉദ്ഘാടനം ഈമാസം അവസാനവാരം നിർവ്വഹിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തുറന്നുകൊടുക്കുക.2022 മേയിൽ നിർമ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമ പദ്ധതിക്ക് 4,89,52,829 രൂപയുടെ ഭരണാനുമതിയും 4,45,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. നാല് പ്രധാന ഭാഗങ്ങൾ, ഘടകങ്ങൾ ഉൾപ്പെട്ടതാണ് സർക്കാർ പ്രഖ്യാപിച്ച എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഏകദേശം 58 കോടി രൂപയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. 25 ഏക്കർ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കിയത്.