റെക്കോഡ് സെഞ്ചുറിയുമായി രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ താരം പൃഥ്വി ഷാ

റെക്കോഡ് സെഞ്ചുറിയുമായി രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ താരം പൃഥ്വി ഷാ

റായ്പുര്‍: റെക്കോഡ് സെഞ്ചുറിയുമായി രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മുംബൈ താരം പൃഥ്വി ഷാ. ഗ്രൂപ്പ് ബിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 185 പന്തില്‍ നിന്ന് 18 ഫോറും മൂന്ന് സിക്‌സുമടക്കം 159 റണ്‍സാണ് ഷാ അടിച്ചെടുത്തത്.ആദ്യ ദിനം ഉച്ചഭക്ഷണത്തിനു മുമ്പുതന്നെ താരം സെഞ്ചുറിയിലെത്തി. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യ ദിനത്തിലെ ആദ്യ സെഷനുള്ളില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഷാ സ്വന്തമാക്കി. നേരത്തേ 2023 സീസണില്‍ അസമിനെതിരേ 383 പന്തില്‍ നിന്ന് 379 റണ്‍സെടുത്ത റെക്കോഡ് ഇന്നിങ്‌സിലും താരം ആദ്യ സെഷനില്‍ തന്നെ സെഞ്ചുറിയിലെത്തിയിരുന്നു. രഞ്ജി ട്രോഫിയിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായിരുന്നു ഇത്.പരിക്കിനെ തുടര്‍ന്ന് ആറു മാസം കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ഷാ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരേയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13-ന് ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്താംപ്ടണ് വേണ്ടി കളിക്കുമ്പോഴായിരുന്നു താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. പിന്നീട് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായ താരം മാസങ്ങളോളം വിശ്രമത്തിലായിരുന്നു. 2021 ജൂലായിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.