ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ

ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ പ്രകമ്പനങ്ങൾ കണ്ടെത്തുന്നതിനുള്ള ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) ഓഗസ്റ്റ് 26നാണ് പ്രകമ്പനം രേഖപ്പെടുത്തിയതെന്നും  ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3, ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയെ കൂടുതൽ അറിയാൻ വിവിധ പരീക്ഷണങ്ങൾ നടത്തിവരികയാണ്. നേരത്തേ സൾഫർ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രഗ്യാൻ റോവറിലുള്ള ലേസർ–ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപി (ലിബ്സ്) എന്ന പഠനോപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്സ് അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.