അമിതരക്തസമ്മർദം ചികിത്സിക്കാതിരുന്നാൽ സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകാം- ലോകാരോ​ഗ്യസംഘടന

അമിതരക്തസമ്മർദം ചികിത്സിക്കാതിരുന്നാൽ സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകാം- ലോകാരോ​ഗ്യസംഘടന

ജീവിതശൈലീ രോ​ഗങ്ങളാൽ വലയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളിൽ ഷു​ഗറും കൊളസ്ട്രോളും പ്രഷറുമൊക്കെ നേരത്തേ എത്തുന്നുണ്ട്. വ്യായാമമില്ലായ്മയും ഭക്ഷണരീതിയുമൊക്കെയാണ് ഇത്തരത്തിലുള്ള പലരോ​ഗങ്ങൾക്കും പിന്നിൽ. ഇപ്പോഴിതാ രക്തസമ്മർദത്തിന്റെ തീവ്രതയും അനന്തരഫലങ്ങളും സംബന്ധിച്ചുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.ആ​ഗോളതലത്തിൽതന്നെ ലക്ഷണക്കണക്കിനുപേരുടെ മരണത്തിന് കാരണക്കാരനാകുന്ന നിശബ്ദകൊലയാളിയാണ് രക്തസമ്മർദം. രക്തസമ്മർദത്തിന്റെ ഏറ്റക്കുറച്ചിലുകളും പക്ഷാഘാതവും ഹൃദയാഘാതവും തമ്മിലുള്ള വൃക്കപരാജയവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. രക്തസമ്മർദമുള്ള അഞ്ചിൽ നാലുപേർക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.ഇന്ത്യയിലെ മരണങ്ങളിൽ 10.8 ശതമാനത്തിനും പിന്നിൽ രക്തസമ്മർദമാണ് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു. ഹൈപ്പർടെൻഷൻ രോ​ഗികളുടെ(രക്തസമ്മർദനില 140/90 mmHg നും അതിനു മുകളിലിലും ഉള്ളവരും രക്തസമ്മർദത്തിന് മരുന്നുകഴിക്കുന്നവരും) എണ്ണത്തിൽവന്ന ക്രമാതീതമായ വർധനവിനേക്കുറിച്ചും റിപ്പോർട്ടിലുണ്ട്. 1990-നും 2019-നും ഇടയിൽ 650 മില്യണിൽ നിന്ന് 1.3 ബില്യൺ എന്ന ഭീമമായ നിലയിലേക്കാണ് എത്തിയതെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു.